Last Updated on 04 Jun 2026 • 5:59 AM by Openzone Online

ചെറുതോണി: ഫുട്ബോൾ ലോകത്തിന്റെ കണ്ണുകൾ ആതിഥേയ രാജ്യങ്ങളായ മെക്സിക്കോ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ് എന്നിവിടങ്ങളിലേക്ക് തിരിയുമ്പോൾ, ലോകകപ്പ് ആവേശം ഇടുക്കിയുടെ മലനിരകളിലും പടർന്നുപിടിക്കുകയാണ്. ജൂൺ 11ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിനെ വരവേൽക്കാൻ കുളമാവ് ഡാമിന്റെ നടുവിൽ അർജന്റീനൻ സൂപ്പർതാരം ലിയോണൽ മെസ്സിയുടെ 20 അടി ഉയരമുള്ള ഭീമൻ കട്ടൗട്ട് സ്ഥാപിച്ചാണ് പ്രദേശത്തെ യുവാക്കൾ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.

ഫുട്ബോൾ ആഘോഷങ്ങളുടെ കാര്യത്തിൽ കേരളത്തിൽ എന്നും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നത് മലപ്പുറമായിരുന്നു. എന്നാൽ ഇത്തവണ ഫുട്ബോളിനെ ഞങ്ങളും നെഞ്ചിലേറ്റിയിട്ടുണ്ട് എന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടുക്കിയിലെ കുളമാവിലെ യുവാക്കൾ.
കുളമാവ് വടക്കേപുഴ ചെക്ക് ഡാമിൻറെ നടുവിൽ ഉയർന്നുനിൽക്കുന്ന മെസ്സിയുടെ കട്ടൗട്ട് ഇതിനോടകം തന്നെ കായികപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.ക്രിക്കറ്റ് ഭ്രാന്തന്മാർ എന്നറിയപ്പെടുന്ന കുളമാവിലെ ഈ യുവാക്കൾക്ക് കായികം വെറും വിനോദമല്ല. ക്രിക്കറ്റ് എന്ന് പറയുന്നത് ലഹരി മാത്രമല്ല, അത് നല്ല ആവേശത്തിന്റെ തീപ്പന്തമാണ്; അതുപോലെ തന്നെയാണ് ഫുട്ബോളും എന്നാണ് അവരുടെ പക്ഷം.

ലോകകപ്പ് പന്ത് മെക്സിക്കോയിൽ ഉരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, ആ ആവേശം ഇപ്പോൾ ഇടുക്കിയിലെ ജലാശയങ്ങൾക്കും മലനിരകൾക്കും മുകളിലൂടെ പടർന്നുപിടിക്കുകയാണ്.മലപ്പുറത്തിന്റെ കട്ടൗട്ട് സംസ്കാരത്തിന് സമാനമായി, ഇത്തവണ ഇടുക്കിയും ഫുട്ബോൾ ആഘോഷങ്ങളുടെ ഭൂപടത്തിൽ തന്റെ സ്ഥാനം രേഖപ്പെടുത്തുകയാണെന്ന് കുളമാവ് ചെക്ക് ഡാമിന് നടുവിൽ ഉയർന്നുനിൽക്കുന്ന മെസ്സി തെളിയിക്കുന്നു.


