Last Updated on 08 Aug 2026 • 12:27 PM by Openzone Online

ചെറുതോണി: മഠത്തിൻകടവ് ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ ഭീഷണി. 2018ൽ ഉരുൾപൊട്ടിയ പ്രദേശത്താണ് വീണ്ടും മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാധ്യതയും രൂപപ്പെട്ടിരിക്കുന്നത്. അപകടസാധ്യത കണക്കിലെടുത്ത് താഴ്‌വശത്ത് താമസിക്കുന്ന രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ വില്ലേജ് ഓഫീസർ നിർദേശം നൽകി.
തടിയമ്പാട് ടൗണിന് സമീപം അടിമാലി–കുമളി ദേശീയപാതയ്ക്ക് മുകൾഭാഗത്തായാണ് മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നത്. മഴ ശക്തമാകുമ്പോൾ ഇവിടെ നിന്ന് വെള്ളം കുത്തിയൊഴുകി താഴേക്ക് പതിക്കുന്നുണ്ട്. നൂറു മീറ്റർ താഴെയാണ് പെരിയാർ ഒഴുകുന്നത്.
മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയായതിനാൽ അപകടസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. പ്രദേശത്ത് ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പരിശോധന നടത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകർ ആവശ്യപ്പെട്ടു.

