Last Updated on 21 Feb 2026 • 10:58 AM by Openzone Online

വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി യോഗത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ്, വൈസ് പ്രസിഡണ്ട് സെലിൻ വിൻസൺ, പ്രതിപക്ഷ അംഗങ്ങളായ സിജി ചാക്കോ, പ്രഭാ തങ്കച്ചൻ എന്നിവരാണ് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. സംഭവത്തിൽ പ്രതിപക്ഷ അംഗം സിജി ചാക്കോയുടെ കവിളിന് അടിയേറ്റതിനെ തുടർന്ന് പല്ലിന് ഇളക്കം സംഭവിച്ചു . മറ്റൊരു പ്രതിപക്ഷ അംഗമായ പ്രഭാ തങ്കച്ചന്റെ കൈക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് പ്ലാസ്റ്റർ ഇട്ടു. പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസിനും വൈസ് പ്രസിഡണ്ട് സെലിൻ വിൻസെന്റിനും പരിക്കേറ്റതിനെ തുടർന്ന് ഇരുവരെയും ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ശക്തമായ വാക്പോരാണ് നിലനിന്നിരുന്നത്.

ഇന്ന് നടന്ന കമ്മിറ്റി യോഗത്തിനിടെ പ്രതിപക്ഷ അംഗമായ സിജി ചാക്കോ “കള്ളി കള്ളി പെരുങ്കള്ളി” എന്ന മുദ്രാവാക്യം വിളിച്ചതോടെയാണ് വാക്കേറ്റം രൂക്ഷമായതെന്ന് ഭരണപക്ഷ അംഗങ്ങൾ പറയുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ തള്ളുംതെള്ളലും കയ്യാങ്കളിയും ഉണ്ടാകുകയായിരുന്നു. ഇതിനിടെയാണ് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസിന്റെ സാരി വലിച്ചുപറിച്ചതായി ആരോപണം ഉയർന്നത്. തന്റെയും കവിളത്ത് സിജി ചാക്കോ ആഞ്ഞടിച്ചു എന്ന് ആൻസി തോമസ് പറയുന്നു.പോലീസ് സംഘത്തിന്റെ കർശന കാവലിലാണ് ഇടുക്കി മെഡിക്കൽ കോളേജ്. ഇരു വിഭാഗത്തിലെയും നേതാക്കന്മാരും അണികളും ആശുപത്രി പരിസരത്ത് തമ്പടിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ തുടരുന്നതിനാൽ പോലീസ് സാന്നിധ്യത്തിലാണ് ആശുപത്രിയിൽ ചികിത്സ നടക്കുന്നത്. സംഭവം പ്രദേശത്ത് വലിയ രാഷ്ട്രീയ വിവാദത്തിനിടയാക്കിയിരിക്കുകയാണ്. എന്നാൽ വാഴത്തോപ്പ് പഞ്ചായത്തിലെ ഭരണപ്രതിപക്ഷ അംഗങ്ങൾ അംഗനവാടി കുട്ടികളുടെ നിലവാരത്തിലേക്ക് താഴുകയാണ് എന്നാണ് പൊതുജനങ്ങളുടെ പരിഹാസം.
