Last Updated on 15 Feb 2026 • 11:51 AM by Openzone Online

വാഴത്തോപ്പ്: ഏത്തക്കായുടെ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലും ഐക്യത്തോടെ കൃഷി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന മാതൃകാപരമായ പ്രവർത്തനങ്ങളുമായി വാഴത്തോപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന തണൽ കർഷകസംഘം മൂന്നാം വർഷത്തിലേക്ക് കടന്നു. 12ഓളം അംഗങ്ങളുള്ള സംഘത്തിലെ കർഷകർ, സംഘത്തിന്റെ നേതൃത്വത്തിൽ ഏത്തവാഴ ഉൾപ്പെടെ വിവിധതരത്തിലുള്ള കൃഷികളാണ് നടത്തിവരുന്നത്.

ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചെങ്കിലും ന്യായമായ വില ലഭിക്കാത്തത് കർഷകർക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. നിലവിൽ ലോക്കൽ മാർക്കറ്റിൽ ഒരു കിലോ ഏത്തക്കായിക്ക് ലഭിക്കുന്നത് വെറും 28 രൂപ മാത്രമാണെന്ന് സംഘാംഗങ്ങൾ പറഞ്ഞു. എന്നാൽ ഒരു ഏത്തവാഴ കൃഷിക്ക് ഏകദേശം 250 രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിൽ, നിലവിലെ വില കൃഷിചെലവ് പോലും തിരികെ ലഭിക്കാത്ത അവസ്ഥയാണെന്ന് സംഘം പ്രസിഡൻറ് ബാബു ചേട്ടാനി, ലാലു കുന്നംകോട്ട്, ഷിജോ വാട്ടപിള്ളി എന്നിവർ വ്യക്തമാക്കി.പഞ്ചായത്തിലും കൃഷിഭവനിലും നിന്ന് കാര്യമായ സഹായങ്ങൾ ലഭിക്കാത്തതും കർഷകരുടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. വിവിധ സാമ്പത്തിക വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും കഴിഞ്ഞ മൂന്ന് വർഷമായി സംഘം സജീവമായി പ്രവർത്തനം തുടരുകയാണ്.

സംഘാംഗങ്ങളുടെ ഐക്യവും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന തണൽ കർഷകസംഘം, കൃഷിയോടൊപ്പം സാമൂഹിക ഐക്യത്തിനും പ്രാധാന്യം നൽകുന്ന മാതൃകാസംഘമായാണ് ശ്രദ്ധേയമാകുന്നത്. വർഷത്തിലൊരിക്കൽ എല്ലാ അംഗങ്ങളും ഒരുമിച്ച് വിനോദയാത്ര സംഘടിപ്പിക്കുന്നതും, വിശേഷ ദിവസങ്ങൾ ആഘോഷിക്കുന്നതും, ആഴ്ചതോറും ഒത്തുകൂടലുകൾ നടത്തുന്നതുമാണ് സംഘത്തിന്റെ പ്രത്യേകത.പ്രതിസന്ധികൾക്കിടയിലും കൃഷിയോടുള്ള ആത്മവിശ്വാസവും കൂട്ടായ്മയുടെ ശക്തിയും കൈവിടാതെ മുന്നേറുന്ന തണൽ കർഷകസംഘം, പ്രദേശത്തെ മറ്റ് കർഷകർക്കും പ്രചോദനമായി മാറുകയാണ്.
