Last Updated on 17 Feb 2026 • 4:53 AM by Openzone Online

തൊടുപുഴ: കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) ഇതുവരെ തീരുമാനമെടുക്കാതെ അവശേഷിച്ചിരുന്ന രണ്ട് സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിൽ. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കി. ഇടുക്കി സീറ്റിന്റെ കാര്യത്തിൽ ഏകദേശം ധാരണയായിട്ടുണ്ടെങ്കിലും കോൺഗ്രസുമായി തുടരുന്ന ചർച്ചകളാണ് പ്രഖ്യാപനം വൈകാൻ കാരണമായത്.ഇടുക്കി സീറ്റിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായ റോഷി അഗസ്റ്റിനെതിരെ വിജയസാധ്യത കണക്കിലെടുത്ത് ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഹൈറേഞ്ച് സ്വദേശിയായ വ്യക്തിയെ തന്നെ ജോസഫ് വിഭാഗം മത്സരിപ്പിക്കണമെന്ന നിർദ്ദേശവും കോൺഗ്രസ് നൽകിയിരുന്നു. റോഷി അഗസ്റ്റിനെതിരെ ഹൈറേഞ്ച് വികാരം ശക്തമായ സാഹചര്യത്തിലാണ് കോൺഗ്രസ് ഇത്തരത്തിലുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്. ഈ സാഹചര്യത്തിൽ ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാനുള്ള നീക്കം ഇനി ഉണ്ടാകില്ലെന്നതും വ്യക്തമാക്കിയിട്ടുണ്ട്.

ജോസഫ് വിഭാഗത്തിലെ ഒരു മുതിർന്ന നേതാവിന് ഇടുക്കി സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നേരത്തെ പുരോഗമിച്ചിരുന്നെങ്കിലും കോൺഗ്രസ് അതിനെ എതിർത്തതോടെ ആ വിഷയത്തിൽ ചർച്ചകൾ അവസാനിച്ചിരിക്കുകയാണ്. തൊടുപുഴയിൽ പി.ജെ. ജോസഫ് മത്സരിക്കുന്ന സാഹചര്യത്തിൽ ആ നേതാവിന്റെ പിന്തുണ നിർണായകമാണെന്ന വിലയിരുത്തലും ഉണ്ടായിരുന്നുവെങ്കിലും ഇടുക്കിയിലെ വിജയസാധ്യത കണക്കിലെടുത്ത് ഹൈറേഞ്ച് സ്വദേശിയെ തന്നെ ഇടുക്കിയിൽ സ്ഥാനാർത്ഥിയാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാൽ ആ വ്യക്തി ആരെന്ന കാര്യത്തിൽ മാത്രമാണ് അന്തിമ ധാരണയായിട്ടില്ലാത്തത്.അതേസമയം, കോതമംഗലത്ത് ഷിബു തെക്കുംപുറം തന്നെ ഇത്തവണയും മത്സരിക്കുമെന്നാണ് ഉറപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫിന്റെ മകളുടെ ഭർത്താവ് ട്വന്റി-20 സ്ഥാനാർത്ഥിയായി മത്സരിച്ച് ഏകദേശം പതിനായിരത്തോളം വോട്ടുകൾ നേടിയതോടെ ഷിബു തെക്കുംപുറം പരാജയപ്പെടേണ്ടി വന്നിരുന്നു. ഇത്തവണ കോതമംഗലം മണ്ഡലം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തോടെ ഷിബുവിനെ തന്നെ കളത്തിലിറക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.

ഇരിങ്ങാലക്കുടയിൽ തുടർച്ചയായി രണ്ടു തവണ പരാജയപ്പെട്ട തോമസ് ഉണ്ണിയാടന് പകരം കെ.വി. കണ്ണൻ ആയിരിക്കും ഇത്തവണ സ്ഥാനാർത്ഥിയാകുക. ഈ രണ്ടു സീറ്റുകളിലും മുന്നണിയിൽ ധാരണയായിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി.ഇടുക്കി സീറ്റുമായി ബന്ധപ്പെട്ട കോൺഗ്രസുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഈ വിഷയത്തിലും അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് ജോസഫ് വിഭാഗം നേതാക്കൾ വ്യക്തമാക്കുന്നത്.
