Last Updated on 29 Oct 2026 • 10:23 AM by Openzone Online

ചെറുതോണി: മുൻ എംഎൽഎയും മന്ത്രിയുമായ റോഷി അഗസ്റ്റിൻ ആസ്തി വികസന ഫണ്ടിൽനിന്ന് ഇടുക്കി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ റോഡ് വികസനത്തിനായി അനുവദിച്ച പദ്ധതികൾ പുതിയ എംഎൽഎ പൗലോസിന്റെ ഇടപെടലിലൂടെ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റിയെന്നാരോപിച്ച് കേരള കോൺഗ്രസ് എം രംഗത്ത്.
ഭരണാനുമതി ലഭിച്ച പദ്ധതികൾ വകമാറ്റിയത് ജനങ്ങളോടുള്ള നീതികേടും രാഷ്ട്രീയ മര്യാദകേടുമാണെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി പഞ്ചായത്തുകളിലായി റോഡ് വികസനത്തിനായി അനുവദിച്ചിരുന്ന രണ്ടു കോടി രൂപയുടെ പദ്ധതികൾ ഇത്തരത്തിൽ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റിയെന്നാണ് കേരള കോൺഗ്രസ് എം നേതാക്കളുടെ ആരോപണം.
ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് മുൻ എംഎൽഎ അനുവദിച്ച വികസന പദ്ധതികൾ രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു.ഭരണാനുമതി ലഭിച്ച പദ്ധതികൾ നടപ്പാക്കുന്നതിനു പകരം അവയുടെ സ്ഥലം മാറ്റിയ നടപടി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളുടെ വികസനാവശ്യങ്ങളെ അവഗണിക്കുന്നതാണെന്നും നേതാക്കൾ ആരോപിച്ചു.
വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പദ്ധതികൾ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.പദ്ധതികൾ മാറ്റിയ നടപടിക്കെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും കേരള കോൺഗ്രസ് എം നേതാക്കൾ മുന്നറിയിപ്പ് നൽകി. ഷിജോ തടത്തിൽ, ജോസ് കുഴികണ്ടം, ഷാജി കാഞ്ഞമല, സിജി ചാക്കോ, ജേക്കബ് പണക്കാട്ട്, രാജു കല്ലറയ്ക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

