OpenZone Banner

Last Updated on 10 Jun 2026 • 12:47 PM by Openzone Online

Advertisement

ഇടുക്കി: വർഷങ്ങളായി നിർമ്മാണതടസങ്ങൾ നേരിട്ടിരുന്ന ഉടുമ്പന്നൂർ–കൈതപ്പാറ–മണിയാറൻകുടി പി.എം.ജി.എസ്.വൈ റോഡ് പദ്ധതിക്ക് പുതിയ പ്രതീക്ഷ. റോഡ് നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ സൂക്ഷിക്കുന്നതിന് വനംവകുപ്പ് സ്ഥലം അനുവദിച്ചതോടെ മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. റോഡ് നിർമ്മാണത്തിന് കരാർ നൽകി പ്രാഥമിക ജോലികൾ ആരംഭിച്ചിരുന്നുവെങ്കിലും നിർമ്മാണ സാമഗ്രികൾ ശേഖരിച്ച് സൂക്ഷിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭിക്കാത്തത് വലിയ പ്രതിസന്ധിയായി മാറിയിരുന്നു. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലാകുകയും പ്രദേശവാസികളുടെ യാത്രാദുരിതം തുടരുകയും ചെയ്തു.

വിഷയത്തിൽ ഇടപെട്ട ഡീൻ കുര്യാക്കോസ് എം.പി വനംമന്ത്രി ഷിബു ബേബി ജോണിനെ നേരിൽകണ്ട് റോഡിന്റെ പ്രാധാന്യവും നിർമ്മാണം വൈകുന്നതുമൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും വിശദീകരിച്ചു. തുടർന്ന് വനമന്ത്രിയുടെ നിർദേശപ്രകാരം നിലവിലെ നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി കോതമംഗലം ഡി.എഫ്.ഒ നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുന്നതിന് ആവശ്യമായ സ്ഥലം താൽക്കാലികമായി അനുവദിച്ച് ഉത്തരവിറക്കിയതായി എം.പി അറിയിച്ചു. ഇതോടെ പി.ഐ.യു ഇടുക്കിക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

2020-ൽ പദ്ധതി നിർദേശം സമർപ്പിച്ച റോഡിന് 2023-ൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും തുടർന്ന് അതേ വർഷം നവംബറിൽ കരാർ നൽകുകയും ചെയ്തിരുന്നു. എന്നാൽ വനംവകുപ്പിൽ നിന്നുള്ള സ്ഥലം കൈമാറ്റവും മറ്റ് സാങ്കേതിക തടസങ്ങളും കാരണം പ്രവൃത്തികൾ മുന്നോട്ടുപോകാൻ സാധിച്ചിരുന്നില്ല. നിർമ്മാണ തടസം നീക്കാൻ അടിയന്തര ഇടപെടൽ നടത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന് ഡീൻ കുര്യാക്കോസ് എം.പി നന്ദി രേഖപ്പെടുത്തി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed