ഇടുക്കി: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനത്തിലൂടെ ഹൈറേഞ്ച് മേഖലയിലെ ടൂറിസത്തിന് വലിയ ഉണർവ് സൃഷ്ടിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റിപ്പബ്ലിക് ദിന സന്ദേശത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ജില്ലയിലെ വികസന പദ്ധതികൾ വിശദീകരിച്ചത്.
കേരള – തമിഴ്‌നാട് അതിർത്തി റോഡുകളുടെ നവീകരണം ടൂറിസ്റ്റ് ഗതാഗതം സുഗമമാക്കുമെന്നും, ഇത് ഇടുക്കിയിലേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹൈറേഞ്ചിലെ ടൂറിസം മേഖലക്ക് ഇത് വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടുക്കിയിലെ കർഷകരുടെ ഉന്നമനത്തിനായി മുട്ടത്ത് ആരംഭിച്ച സ്പൈസസ് പാർക്ക് വലിയൊരു കാൽവെയ്പ്പാണെന്നും, സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്കരണത്തിനും വിപണനത്തിനും ഇത് ശക്തമായ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. സ്പൈസസ് പാർക്ക് കാർഷിക മേഖലയോടൊപ്പം ടൂറിസത്തിനും പുതുആകർഷണമാകുമെന്നാണ് വിലയിരുത്തൽ.
കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വർധിപ്പിക്കുകയും, ഹൈറേഞ്ച് ഉൽപ്പന്നങ്ങളെ ലോക വിപണിയിൽ ബ്രാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ശക്തമാക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കിയിലെ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വിപണി കണ്ടെത്തുകയാണ് ലക്ഷ്യം.
ഭക്ഷ്യ മേഖലയിലെ മൂല്യവർധന ലക്ഷ്യമിട്ട് ഇടുക്കിയിൽ ആലിൻചുവടിന് സമീപം മിനി ഫുഡ് പാർക്ക് നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിയുടെ പ്രാഥമിക വികസനത്തിനുള്ള തുക ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക വികസനവും റോഡ് ശൃംഖലയുടെ മെച്ചപ്പെടുത്തലും ഫുഡ് പ്രോസസ്സിങ് സംവിധാനങ്ങളും ഒരുമിച്ച് മുന്നേറുന്നതോടെ, ഇടുക്കി ജില്ല ടൂറിസം – കൃഷി – വ്യവസായ മേഖലകളിൽ പുതിയ ഉയരങ്ങളിലെത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.


